ഷാൻസി: ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ഉഗ്രസ്ഫോടനം. പൊട്ടിത്തെറിയിൽ 14 പേർ കൊല്ലപ്പെട്ടു. 147ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ടുമണിയോടെയുണ്ടായ സ്ഫോടനത്തിൽ ഒരു വീട് പൂർണ്ണമായും, സമീപത്തുള്ള അഞ്ചോളം വീടുകൾ ഭാഗികമായും തകർന്നു. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്. ഫുഗു നഗരത്തിലെ സിൻമിൻ ടൗൺഷിപ്പിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 41 പേർ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം മടങ്ങിയതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏറെക്കുറേ പൂർണ്ണമായതായും സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സമീപത്തുള്ള 58 പ്രീ-ഫാബ്രിക്കേറ്റഡ് വീടുകൾക്കും, 63 കാറുകൾക്കും സ്ഫോടനം തകരാറുണ്ടാക്കിയതായാണ് പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനം തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്ലൈവുഡ്, തെർമോക്കോൾ എന്നിവയുപയോഗിച്ചു നിർമ്മിയ്ക്കുന്ന പോർട്ടബിൾ വീടുകളാണ് തകർന്നത്. ഈ വീടുകൾ സമീപവാസിയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തോടനുബന്ധിച്ച് ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.