തിരുവനന്തപുരം: പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ട അഭ്യസ്ഥവിദ്യരായ എല്ലാവർക്കും പി.എസ്.സി വഴി ജോലി ലഭ്യമാക്കുമെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയെ പിന്നോട്ടടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ നടന്ന ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, അഭ്യസ്ഥവിദ്യരായ എല്ലാ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും പി.എസ്.സി വഴി നിയമനം നൽകുമെന്ന എ.കെ.ബാലന്റെ പ്രസ്താവനയാണ് അതിനു ശേഷം സഭയിൽ സംസാരിച്ച മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. ഇതോടെ നിയമനം കരാറടിസ്ഥാനത്തിലാക്കുമെന്നാണ് താൻ പറഞ്ഞതെന്നു തിരുത്തി മുഖം രക്ഷിക്കുകയായിരുന്നു എ.കെ.ബാലൻ.
അതേസമയം, ബിരുദധാരികളും, പ്രൊഫഷണൽ വിദ്യാഭ്യാസയോഗ്യതയുള്ളവരുമായ എല്ലാ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ജോലി നൽകുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണെന്നും ഇതിന്റെ ആദ്യ ഭാഗമെന്ന നിലയിൽ വയനാട് ജില്ലയിലെ 241 സ്കൂളുകളിൽ ഗോത്രബന്ധു പദ്ധതി പ്രകാരം നിയമനം നടത്തുമെന്നും തുടർന്ന് ഇവരുടെ നിയമനം റെഗുലേറ്റ് ചെയ്യണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടുമെന്നായിരുന്നു എ.കെ ബാലൻ പറഞ്ഞത്.
എ.കെ.ബാലന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്ത് ഒരു നിയമന വ്യവസ്ഥയുണ്ടെന്നും, അതിനെ മറികടന്ന് ഒരു വകുപ്പിനും മുന്നോട്ടു പോകാനാവില്ലെന്നും പ്രഖ്യാപിച്ചതോടെയാണ്, കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്ന കാര്യമാണ് താനുദ്ദേശിച്ചതെന്നു പറഞ്ഞ് എ.കെ.ബാലൻ വിശദീകരണം നൽകിയത്.