ശ്രീനഗർ: അതിർത്തിയിൽ നൗഷേരയിലും ആർ.എസ് പുരയിലും വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനേത്തുടർന്ന് ആർ.എസ് പുരയിൽ ഗ്രാമവാസികളായ 6 പേർക്ക് പരിക്കേറ്റു.
സംഘർഷങ്ങളില്ലാതിരുന്ന ഒരു പകലിനു ശേഷം പാക് സൈന്യം വീണ്ടും പ്രകോപനം ആരംഭിക്കുകയായിരുന്നു. ഇന്ന് ആർ.എസ് പുരയിലും നൗഷേരയിലുമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ആർ.എസ് പുരയിൽ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു.
കുട്ടികളടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയിലാണ് പാക് ആക്രമണത്തിൽ ഒരു എട്ടു വയസ്സുകാരൻ കൊല്ലപ്പെട്ടത്. രജൗരിയിലെ നൗഷേരയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരേ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിൽ സംഘർഷം തുടരവേ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.
ആർമി, അർദ്ധസൈനിക വിഭാഗം, ജമ്മുകശ്മീർ പൊലീസ്, കേന്ദ്ര- സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.