തിരുവനന്തപുരം: ഭൂമി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിലവിലെ ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ടു. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായി നിയമം ഭേദഗതി ചെയ്യണം. തോട്ടം ഉടമകള്‍ക്ക് അനുകൂലമായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു ന്ന നിയമ ഭേദഗതികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഭൂമി വിനിയോഗം സംബന്ധിച്ച് സിഎജിയെക്കൊണ്ട് ഓഡിറ്റിംഗ് നടത്തിക്കണം. ഭൂപരിഷ്‌കരണ നിയമത്തിലെ പഴുത് ഉപയോഗിച്ച് നിരവധി വന്‍കിട കമ്പനികളാണ് അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നത്. സിഎജിയുടെ ലാന്‍ഡ് ഓഡിറ്റിംഗില്‍ കൂടി മാത്രമേ ഭൂ വിനിയോഗം സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ പുറത്തു വരുകയുള്ളൂ. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സിഎജിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് പഠിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐഎഎസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ കമ്പനികള്‍ വ്യാജ രേഖകള്‍ ചമച്ചാണ് ഭൂമി കൈക്കലാക്കിയതെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു വരാന്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്നാണ് രാജമാണിക്യത്തിന്റെ ശുപാര്‍ശ. ഇത് നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും.
കേരളത്തിലെ ആദിവാസി -പിന്നാക്ക ജനവിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി അലയുമ്പോള്‍ വന്‍കിട കമ്പനികള്‍ 5 ലക്ഷം ഏക്കര്‍ ഭൂമിയാണ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.