ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശിയായ പിഎച്ച്ഡി വിദ്യാര്‍ഥിയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകിട്ടോടെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ താമസിച്ചിരുന്ന വിദ്യര്‍ഥികളും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ബലമായി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കാണാതായതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടെയാണ് മറ്റൊരു വിദ്യാര്‍ഥിയുടെ മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കണ്ടെത്തിയിരിക്കുന്നത്.