ഹൈദരാബാദ്: മുത്തലാഖ് വിഷയത്തെ നീതിന്യായ സംവിധാനങ്ങള്‍ മനുഷ്യത്വപരമായി കാണണമെന്ന് ആര്‍എസ്എസ്. മുത്തലാഖ് മുസ്ലീം സമുദായത്തിന്റെ ആഭ്യന്തര വിഷയമാണെന്നും, ആധുനിക ലോകത്തില്‍ ലിംഗപരമായ അനീതി തെറ്റാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണ്. വിവേചനമില്ലാത്ത സംവിധാനം രൂപപ്പെടാന്‍ പൊതുനിയമം വേണം. മുത്തലാഖ് വിഷയത്തില്‍ നീതിക്കായി ആദ്യം കോടതിയെ സമീപിച്ചത് മുസ്ലീം സ്ത്രീകളാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുന്ന ഈ വിഷയത്തില്‍ ആര്‍എസ്എസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും, വിവേചനമില്ലാത്ത സംവിധാനം രൂപപ്പെടാന്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിലുളള വേര്‍തിരിവ് അവസാനിപ്പിക്കണമെന്നും സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന വെല്ലുവിളിയാണ് ഇക്കാര്യത്തില്‍ സമൂഹത്തിനുളളതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെയും സാമൂഹ്യഘടനയെയും ദോഷകരമായി ബാധിക്കാത്ത രീതിയില്‍ വേര്‍തിരിവില്ലാതെ വേണം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഭാരതത്തില്‍ തന്നെ നിര്‍മിച്ചവ കണ്ടെത്തണം. രാജ്യ സുരക്ഷയ്‌ക്കായി സര്‍ക്കാര്‍ ശക്തമായ തീരുമാനം എടുക്കും, അത് സൈന്യം നടപ്പാക്കുമെന്നും ഭയ്യാജി ജോഷി ഹൈദരാബാദില്‍ വ്യക്തമാക്കി.