തൃശൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍ ബാലകൃഷ്ണനെതിരേ തൃശൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ പോര്. പുനസംഘടനയുടെ ഭാഗമായി തൃശ്ശൂര്‍ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുളള സി.എന്‍.ബാലകൃഷ്ണന്റെ നീക്കത്തിനെതിരേയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് പോസ്റ്ററുകള്‍. തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ ശാപമായ അധികാരമോഹി സി.എന്‍ ബാലകൃഷ്ണനെ ഒറ്റപ്പെടുത്തുക എന്നതുള്‍പ്പെടെയുളള വാചകങ്ങളാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. സി.എന്‍ മത്സരിക്കുന്നതിനെതിരെ ഐ ഗ്രൂപ്പിനുള്ളിലുളള ഭിന്നതയാണ് ഇതോടെ മറ നീക്കി പുറത്ത് വന്നത്.
വിജയത്തിന്റെ കൊടുമുടി കയറിയെന്ന് തോന്നിയാല്‍ നേതാക്കള്‍ വിരമിക്കണമെന്ന എ.കെ ആന്റണിയുടെ വാക്കുകള്‍ ഉള്‍പ്പെടെയും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്. മകളെ മേയറാക്കാന്‍ സി.എന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നതായും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സി.എന്‍ ബാലകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്നെ ജില്ലയില്‍ അദ്ദേഹത്തിനെതിരേ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഈ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പോസ്റ്റര്‍ പ്രചാരണത്തിലെത്തിയിരിക്കുന്നത്.