തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് നായകളുടെ കടിയേറ്റത്. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ നായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
കാലിനും തലയിലും കഴുത്തിലും കടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് ഇയാള്‍.
പുലര്‍ച്ചെ 4.30 ഓടെയാണ് നായകളുടെ ആക്രമണം ഉണ്ടായത്. ആറോളം നായകള്‍ കൂടിയാണ് ഇയാളെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. 90 വയസുളള രാഘവന്‍ ബഹളം വെച്ചെങ്കിലും ആദ്യം ആരും കേട്ടില്ല. നായകളുടെ കുര കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ദാരുണ സംഭവം കാണുന്നത്.
നേരത്തെ തിരുവനന്തപുരം പുല്ലുവിളയില്‍ ശിലുവമ്മ എന്ന വൃദ്ധയെ നായകള്‍ കടിച്ചുകൊന്ന വാര്‍ത്ത വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് തെരുവുനായകളെ നിയന്ത്രിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഫലപ്രദമല്ലെന്നാണ് പുതിയ സംഭവങ്ങളും വ്യക്തമാക്കുന്നത്.