ശ്രീനഗർ: അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം ശക്തമാകുന്നു. ഇന്നലെ രാത്രിയുണ്ടായ വെടി വയ്പ്പിൽ ബി.എസ്.എഫ് ജവാനു പരിക്കേറ്റു.
ഇക്കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ നിരവധി വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്ഥാൻ നടത്തിയത്. അതിർത്തിയിലുടനീളം കനത്ത വെടിവയ്പ്പും, മോർട്ടാർ ഷെല്ലിംഗുമാണ് പാകിസ്ഥാൻ തുടർന്നു പോരുന്നത്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ.കെ.ഉപാദ്ധ്യായയെ ആണ് പാകിസ്ഥാന്റെ ആക്രമണത്തിൽ പരിക്കേറ്റതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആർ.എസ്.പുര സെക്ടറിൽ ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നതെന്ന് ബി.എസ്.എഫ് ജമ്മു ഫ്രണ്ടിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ധർമ്മേന്ദർ പരീഖ് പറഞ്ഞു. അർണിയ മേഖലയിലും ഇടവിട്ട് ആക്രമണമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സായികലാൻ, അർണിയ മേഖലകളിൽ ബുധനാഴ്ച വെളുപ്പിന് 1.30ഓടെയും ഷെൽ ആക്രമണമുണ്ടായതായി ജമ്മു ഡെപ്യൂട്ടി കമ്മീഷണർ സിമ്രാൻദീപ് സിംഗ് പറഞ്ഞു. രാത്രിയിൽ പ്രദേശവാസികൾ വീടിനുള്ളിൽ ആയിരുന്നതിനാൽ ആളപായം ഉണ്ടായില്ലെന്നും അതേസമയം വളർത്തുമൃഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഇപ്പോഴും ഷെല്ലിംഗ് തുടരുന്നതായും അദ്ദേഹം പറഞ്ഞു.