കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ ജില്ലയിലെ പൊലീസ്് നേതൃത്വം മുന്‍കൈയ്യെടുത്ത് കൈക്കൊണ്ട നടപടികളോടും മുഖം തിരിച്ച് സിപിഎം. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി പൊലീസ് നല്കിയ നോട്ടീസിന് നിഷേധാത്മകമായ മറുപടിയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം നല്‍കിയത്. കണ്ണൂരില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് പാര്‍ട്ടിയുമായി ബന്ധമുളളവരല്ലെന്നും സമാധാനം ഒരുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുളള സിപിഎമ്മിന്റെ അവകാശവാദം പൊള്ളയാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണ് ഈ നടപടി.
സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അതിലെ അഭിപ്രായവും തേടിയാണ് ജില്ലാ പൊലീസ് മേധാവി ഓരോ പാര്‍ട്ടി നേതൃത്വത്തിനും കത്ത് നല്‍കിയത്. സിപിഎം ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് പൊലീസ് മേധാവിക്ക് മറുപടി നല്‍കിയത്. പൊലീസിന്റെ നീക്കം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ജയരാജന് മറുപടിയില്‍ ആരോപിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ മുന്‍പും ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടും അനുകൂലമായി സിപിഎം പ്രതികരിക്കുന്നില്ല. ക്ഷേത്രങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖകള്‍ അവസാനിപ്പിക്കണമെന്നാണ് മറുപടിയില്‍ സിപിഎം പൊലീസിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന തെരഞ്ഞെടുപ്പിനിടെ എവിടെയങ്കിലും അക്രമം ഉണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ഉയര്‍ന്ന ജനകീയ പ്രതിഷേധം മറക്കരുതെന്നും പൊലീസിന് സിപിഎം മുന്നറിയിപ്പ് നല്കുന്നു.
നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ പണിതിട്ടുളള സ്തൂപങ്ങളുടെയും ബസ് ഷെല്‍ട്ടറുകളുടെയും കൊടിമരങ്ങളുടെയും പേരില്‍ ജനങ്ങള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കുന്നതിന്റെ യുക്തി ആലോചിക്കണമെന്ന പൊലീസിന്റെ അഭിപ്രായത്തോട് പൊതു ഇടങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണെന്ന വിചിത്രമായ മറുപടിയാണ് സിപിഎം നല്‍കിയിരിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ജാതിമത വ്യത്യാസം കൂടാതെ സാമൂഹ്യ ബോധവും വര്‍ഗബോധവും ഉണ്ടായതെന്നും ജയരാജന് പറയുന്നു.
ഒരു വശത്ത് സമാധാന ശ്രമങ്ങള്‍ക്ക് അനുകൂലമാണെന്ന് പറയുകയും മറുവശത്ത് നിഷേധാത്മക സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പിന്റെ പ്രകടമായ ഉദാഹരണമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂരില്‍ തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതോടെ പൊലീസിന്റെ നിസ്സഹായാവസ്ഥയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ വരുതിക്ക് പൊലീസിനെ നിര്‍ത്താന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും നിഷ്പക്ഷ സമീപനമാണ് ജില്ലയിലെ പൊലീസ് മേധാവി സ്വീകരിച്ചുവരുന്നത്. ഇതും സിപിഎം നേതൃത്വത്തിന്റെ അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്.