ന്യൂഡൽഹി: ഹിന്ദു എന്നൊരു മതമില്ലെന്നും അത് ജീവിതചര്യയാണെന്നുമുള്ള പരമോന്നത നീതിപീഠത്തിന്റെ പരാമർശത്തിനെതിരേ മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു രംഗത്ത്.
വിധി പുനഃപരിശോധിക്കാൻ തയ്യാറാകാത്ത ഏഴംഗ ബഞ്ചിന്റെ നിലപാട് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച 95ലെ സുപ്രീം കോടതി വിധി മതേതരജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഏറ്റവും വലിയ ഒരു തെറ്റ് തിരുത്താനുള്ള സുവർണ്ണാവസരമാണ് സുപ്രീം കോടതി നഷ്ടമാക്കിയത്. കട്ജു ഫേസ്‌ബുക്കിൽ കുറിച്ചു.
1995ലെ ഈ ഉത്തരവിനെ ഇന്ത്യൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഏറ്റവും ലജ്ജാകരമായ വിധിയെന്നാണ് കട്ജു വിശേഷിപ്പിച്ചത്. 95ൽ ശിവസേന നേതാവ് മനോഹർ ജോഷിക്കെതിരേ എൻ.ബി.പാട്ടീൽ നൽകിയ കേസിൽ, ഹിന്ദുത്വത്തിന്റെയോ, ഹൈന്ദവതയുടെയോ പേരിലുള്ള മനോഹർ ജോഷിയുടെ പ്രസ്താവന മതത്തിന്റെ പേരിലുള്ള പ്രസ്താവനയായി പരിഗണിക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെയാണ് കട്ജു വിമർശിച്ചത്.
ഹൈന്ദവത ഒരു ജീവിതരീതിയാണെന്നും ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഈ ജീവിതരീതിയെ പ്രതിനിധീകരിക്കുന്നവരാണ് ഇവിടുത്തെ എല്ലാ മതസ്ഥരും എന്നും ജസ്റ്റിസ് ജെ.എസ്.വെർമ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ പരാമർശമുണ്ടായിരുന്നു.
സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിക്കെതിരേ വിമർശനമുന്നയിച്ച കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ പോസ്റ്റ് ഒരു ഹർജ്ജിയായി പരിഗണിച്ചു കൊണ്ട്, വിഷയത്തിൽ കട്ജു കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും പരമോന്നത നീതിപീഠം ഉത്തരവിട്ടിരുന്നു.