ന്യൂഡൽഹി : രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കോ – ഓപ്പറേഷന് (ഒ.ഐ.സി )ഭാരതത്തിന്റെ മുന്നറിയിപ്പ് . കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് . അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് . ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഒ ഐ സി യോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള യാതൊരു അവകാശവും ഒ ഐ സി ക്ക് ഇല്ല . ഇത് ആദ്യമായല്ല പാകിസ്ഥാന്റെ സ്വാധീനത്തിൽ ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിക്കുന്നത് . ഇതിനെ ഭാരതം ശക്തമായി അപലപിക്കുകയാണ് . വികാസ് സ്വരൂപ് വ്യക്തമാക്കി.
ഉസ്ബക്കിസ്ഥാനിൽ ഒക്ടോബർ 18, 19 തീയതികളിൽ നടന്ന ഒ ഐ സി രാഷ്ട്രങ്ങളിൽ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു കശ്മീർ വിഷയത്തിൽ പരാമർശം ഉണ്ടായത്. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെ ഇന്ത്യ അടിച്ചമർത്തുന്നെന്നായിരുന്നു ഒ ഐ സി സമ്മേളനത്തിലെ പ്രമേയം . കശ്മീരിനെപ്പറ്റി തികച്ചും വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പ്രമേയത്തിലുള്ളതെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.