ന്യൂഡൽഹി : പാകിസ്ഥാനിൽ പരിശീലനം ലഭിച്ച പന്ത്രണ്ടോളം ബബ്ബർ ഖൽസ കൊടും ഭീകരർ പഞ്ചാബിൽ നുഴഞ്ഞു കയറിയതായി ഇന്റലിജൻസ് ഏജൻസികൾ. വടക്കേ ഇന്ത്യയിൽ സ്ഫോടനം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും ഇന്റലിജൻസ് . ഇതോടെ പഞ്ചാബിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്ന് അറസ്റ്റിലായ ബബ്ബർ ഖൽസ അനുഭാവി കമൽദീപ് സിംഗിനെ ചോദ്യം കെയ്തതിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഭീകരർ അത്യന്തം പ്രഹര ശേഷിയുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സംസ്ഥാനത്ത് ആക്രമണങ്ങൾ നടത്താനാണ് ഭീകരരുടെ പദ്ധതി. ഭീകര ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചാബ് പോലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനമെങ്ങും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കർശന തിരച്ചിൽ ആരംഭിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
1978 രൂപം കൊണ്ട ബബ്ബർ ഖൽസ ഇന്റർനാഷണൽ ഖാലിസ്ഥാൻ വാദമുന്നയിക്കുന്ന ഭീകര സംഘടനയാണ് . സംഘടനയെ ഭാരതത്തിനു പുറമേ ക്യാനഡ , ജർമ്മനി , ബ്രിട്ടൻ എന്നീ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട് .ഖാലിസ്ഥാൻ ഭീകരർക്ക് പാകിസ്ഥാൻ ആയുധങ്ങളും പരിശീലനവും നൽകുന്നുണ്ടെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്