കൊച്ചി: വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം എറണാകളും ജില്ലാ കമ്മറ്റിയംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ വി.എ സക്കീര്‍ ഹുസൈനെതിരേ കേസ്. വെണ്ണലയിലെ വ്യവസായി ജൂബ് പൗലോസിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ഗുണ്ടകളെ കൈകാര്യം ചെയ്യുന്നതിനായി കൊച്ചി സിറ്റി പൊലീസ് രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലാരിവട്ടം ജനമൈത്രി പൊലീസ് സ്റ്റേഷന് കീഴിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് ആണ് കേസിലെ മറ്റൊരു പ്രതി. ടാസ്‌ക് ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. ഗുണ്ടകളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കേസ് കൂടി കൊച്ചിയില്‍ നിന്ന് പുറത്തുവരുന്നത്. കളമശേരി പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ് സക്കീര്‍ ഹുസൈന്‍. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് ജൂബ് പൗലോസ് നേരത്തെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരുന്നു.
ഷീല തോമസ് എന്ന വ്യക്തിയുമായി ചേര്‍ന്ന് ജൂബ് പൗലോസ് പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം തുടങ്ങിയിരുന്നു. 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് സ്ഥാപനം തുടങ്ങിയത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാറെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷീല തോമസ് പിന്‍മാറി. ഇതിന്റെ പേരിലുണ്ടായ തര്‍ക്കത്തിലേക്ക് സിദ്ദിഖും പിന്നാലെ സക്കീര്‍ ഹുസൈനും ഇടപെടുകയായിരുന്നു. സ്ഥാപനം ഒഴിഞ്ഞുകൊടുക്കണമെന്ന് ഷീല തോമസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും ജൂബ് പൗലോസിന് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സിദ്ദിഖും കൂട്ടരും ജൂബ് പൗലോസിന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോകുകയും സക്കീര്‍ ഹുസൈനെ കാണണമെന്നും ഷീല തോമസുമായുളള കരാറില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷീല തോമസ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആളാണെന്നും വലിയ തുക സംഭാവന നല്‍കി പാര്‍ട്ടിയെ സഹായിക്കുന്നവരാണെന്നും ആയിരുന്നു സക്കീര്‍ ഹുസൈന്റെ നിലപാടെന്ന് ജൂബ് പൗലോസ് പറയുന്നു.
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷന്‍ ആണെന്നും അത് തീര്‍ത്തില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് ഭീഷണിപ്പെടുത്തിയതായും ജൂബ് പൗലോസ് പറയുന്നു. പ്രശ്‌നം പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെയും സമീപിച്ചെങ്കിലും ഗുണമുണ്ടായില്ലെന്ന് ജോബ് പൗലോസ് പറയുന്നു.