ശ്രീനഗർ: ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്നു വരുന്ന പാകിസ്ഥാൻ പ്രകോപനം ശക്തി പ്രാപിച്ചു വരികയാണ്. കശ്മീരിലെ രജൗറി മേഖലയിൽ കനത്ത ഷെല്ലാക്രമണവും വെടി വയ്പ്പുമാണ് പാകിസ്ഥാൻ നടത്തിയത്. ആക്രമണത്തിൽ ഒരു ബി.എസ്.എഫ് ജവാൻ വീരമൃത്യു വരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ആക്രമണം തുടരുകയാണ്.
പാകിസ്ഥാൻ കമാൻഡോകളുടെ സഹായത്തോടെയാണ് തീവ്രവാദികൾ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ രണ്ടു തീവ്രവാദികൾ സൈന്യത്തിന്റെ പിടിയിലായിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണ് സൈന്യത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. 15 സൈനിക താവളങ്ങൾക്കും 29 ജനവാസകേന്ദ്രങ്ങളായ ഗ്രാമങ്ങൾക്കും നേരേ ആക്രമണമുണ്ടായി.
പാകിസ്ഥാൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽ 190 കിലോമീറ്റർ ദൂരപരിധിയിൽ അതീവജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭാരത സൈന്യം അതിശക്തമായ പ്രതിരോധമാണ് അതിർത്തിയിൽ തീർക്കുന്നത്. തുടർച്ചയായ പാകിസ്ഥാൻ ആക്രമണങ്ങൾക്കിടെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇതിനിടയിലാണ് ബി.എസ്.എഫ് ജവാനു വെടിയേറ്റത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയും, പ്രതിരോധമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. ശക്തമായ തിരിച്ചടി നൽകാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സൈന്യത്തിനു നിർദ്ദേശം നൽകി.