കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ സാദ്ധ്യത. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ സക്കീര്‍ ഹുസൈനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് തീരുമാനമായേക്കും.
വെണ്ണല സ്വദേശിയും വ്യവസായിയുമായ ജൂബ് പൗലോസിന്റെ പരാതി പ്രകാരമാണ് സി.പി.എം ജില്ലാ കമ്മറ്റിയംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായ വി.എ.സക്കീര്‍ ഹുസൈനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. നേരത്തെയും സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നടക്കം വ്യാപകമായ പരാതികളുയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എമ്മിനു മേല്‍ സമ്മര്‍ദ്ദമേറിയത്. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സക്കീര്‍ ഹുസൈനെതിരെ നടപടിയെടുത്തേക്കും. കേസില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സിദ്ദിഖിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ നേരത്തെ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഒന്നര വര്‍ഷം മുമ്പത്തെ പരാതിയില്‍ ഇപ്പോള്‍ നടപടിയെടുത്തതിന്റെ ആവശ്യം എന്തെന്നാണ് കേസില്‍ സക്കീര്‍ ഹുസൈന്റെ നിലപാട്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചു.