തൃശ്ശൂർ: ഉത്സവസീസൺ ആരംഭിക്കാനിരിക്കേ വെടിക്കെട്ടിനുളള നിയന്ത്രണങ്ങൾ കർശനമാക്കി എക്സ്പ്ലോസീവ് വിഭാഗം. ഗുണ്ടും അമിട്ടുമുൾപ്പെടെയുളള സ്ഫോടന ശേഷി കൂടുതലുള്ളവ ഉപയോഗിക്കാനുളള അനുമതി റദ്ദാക്കി. തൃശ്ശൂർ പൂരം സംഘാടകരായ ദേവസ്വങ്ങൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സർക്കുലർ കൈമാറി.
സംസ്ഥാനത്ത് പൊട്ടാസ്യം ക്ലോറേറ്റടക്കമുളള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് എക്സ്പ്ലോസീവ് വിഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. അഞ്ച് വർഷത്തിനിടെ 222 ഇടങ്ങളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഭാവിയിലും ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഗുണ്ട്, അമിട്ട് തുടങ്ങിയ വെടിക്കോപ്പുകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇനി ഇവ തൃശ്ശൂർ പൂരത്തിലുൾപ്പെടെ ഉപയോഗിക്കണമെങ്കിൽ എക്സ്പ്ലോസീവ് വിഭാഗത്തിന്റെ നാഗ്പൂർ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും പറയുന്നു. വെടിക്കെട്ട് നടത്താൻ അപേക്ഷിക്കുമ്പോൾ തന്നെ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകടസാദ്ധ്യതാപഠനം നടത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകണം.
ഇത് തൃപ്തികരമാണെങ്കിൽ മാത്രമേ വെടിക്കെട്ടിന് അനുമതി നൽകുകയുളളൂ. ശബ്ദ തീവ്രതയും ദൂരപരിധിയുമടക്കം 2008ലെ എക്സ്പ്ലോസീവ് റൂളിലെ നിബന്ധനകൾ കർശനമാക്കിയാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. സീസൺ ആരംഭിക്കാനിരിക്കെ വെടിക്കെട്ട് കരാറുകാരുടെ തീരുമാനവും എക്സ്പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനവുമടക്കം പൂരങ്ങളെ പ്രതിസന്ധിയിലാക്കാനാണ് സാദ്ധ്യത.