ചെങ്ങന്നൂർ: ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ആർഎസ്എസ് ശബരിഗിരി വിഭാഗ് കാര്യാലയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 31ന് ചെങ്ങന്നൂരിൽ നടക്കും. ആർഎസ്എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി മന്ദിരവും തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രൻ ചടങ്ങിൽ ആദ്ധ്യക്ഷത വഹിക്കും.
പത്തനംതിട്ട ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും. കെട്ടിടത്തോട് ചേർന്നുള്ള സഭാഗൃഹം ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലയുടെ ഉദ്ഘാടനം അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാർ നിർവ്വഹിക്കും. കലാപരിപാടികൾ, പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ, കുടുംബ സംഗമം തുടങ്ങിയവ നടക്കും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിലായി കെട്ടിടത്തിന്റെ പണി പൂർത്തിയായി.
9300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായിട്ടാണ് കാര്യാലയം നിർമ്മിച്ചിരിക്കുന്നത്. 1960 കാലഘട്ടത്തിൽ ചെങ്ങന്നൂരിൽ സംഘപ്രവർത്തനം ആരംഭിച്ച സമയത്ത് എറണാകുളം വിഭാഗിന്റെയും പിന്നീട് കോട്ടയം വിഭാഗിന്റെയും ഭാഗമായിരുന്നു ചെങ്ങന്നൂർ. 1989ലാണ് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ചേർത്തുകൊണ്ട് ശബരിഗിരി വിഭാഗ് രൂപീകരിച്ചത്.