കൊച്ചി: അനധികൃതസ്വത്ത് സമ്പാദന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തു. ഒരുകോടി 19 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി എഫ്.ഐ.ആര്. ടോം ജോസിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്ലാറ്റിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും വിജിലന്‍സ് പരിശോധന പുരോഗമിക്കുന്നു.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസ് 2010 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഒരുകോടി 19 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് വിജലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്ലാറ്റുകളിലു, ടോം ജോസിന്റെ ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വസതിയിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടത്തുന്നത്. 62.35 ശതമാനം സ്വത്തും അനധികൃതമായി സമ്പാദിച്ചതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
എന്നാല്‍ പരിശോധന, തന്നെ പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ടോം ജോസ് ജനം ടിവിയോടു പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ റെയ്ഡ് പൂര്‍ത്തിയായി സംഘം മടങ്ങി. മറ്റിടങ്ങളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. കെ.എം.എം.എല്ലിനായി നടത്തിയ മഗ്നീഷ്യം ഇടപാടില്‍ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായതായും പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതിലും കൊച്ചിയില്‍ ഫ്ലാറ്റ് വാങ്ങിയതിലും അഴിമതി ഉള്ളതായും എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നു.