ന്യൂഡൽഹി : രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ കേന്ദ്രപദ്ധതികളെ കെജരിവാൾ സർക്കാർ അവഗണിക്കുന്നത് വിവാദമാകുന്നു . സാമാന്യജനത്തിന് ഗുണകരമാകുന്ന പദ്ധതികൾ പോലും തിരസ്കരിക്കപ്പെടുന്നതായി പരാതിയുയരുന്നു .കേന്ദ്രസർക്കാരിന്റെ സ്വച്ഛഭാരത് , നഗരവികസനത്തിനുള്ള അമൃത് , എല്ലാവർക്കും വീട് പദ്ധതികളൊന്നും ഡൽഹി സർക്കാർ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരു വീട്ടിൽ പോലും സ്വച്ഛഭാരത് പദ്ധതിയുടെ കീഴിൽ ശുചി മുറി നിർമ്മിച്ചിട്ടില്ല. 2019 നകം ഒന്നേകാൽ ലക്ഷം വീട്ട് ശുചിമുറികൾ നിർമ്മിക്കേണ്ടതിന്റെ സ്ഥാനത്താണിത്. ഇരുപതിനായിരത്തോളം പൊതുശുചിമുറികൾ നിർമ്മിക്കേണ്ട സ്ഥാനത്ത് വെറും 7,088 എണ്ണം മാത്രമാണ് പൂർത്തിയായത്. ഡൽഹി സർക്കാർ നിശ്ചയിച്ചു കൊടുത്ത ലക്ഷ്യമായിട്ട് പോലും ഇതാണവസ്ഥ.
ഇന്ത്യയിലെ 500 നഗരങ്ങളുടെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച അമൃത് പദ്ധതിക്കും കെജരിവാൾ സർക്കാർ മുൻകൈ എടുത്തിട്ടില്ല. 2015 – 16 സാമ്പത്തികവർഷത്തിലെ സംസ്ഥാനത്തിന്റെ ആസൂത്രണ രൂപരേഖ സമർപ്പിച്ചത് ആ വർഷം അവസാനം മാർച്ചിലാണ് . ഈ സാമ്പത്തിക വർഷത്തിലും ഏറ്റവും അവസാനം ആസൂത്രണ രൂപ രേഖ സമർപ്പിച്ചതും ഡൽഹി ആയിരുന്നു. നാലു പ്രാവശ്യം കേന്ദ്രസർക്കാർ ഓർമ്മപ്പെടുത്തിയതിനെ തുടർന്ന് ഈ മാസമാണ് രൂപരേഖ സമർപ്പിച്ചത്.
25,000 കോടിയുടെ ജലവിതരണ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയെങ്കിലും അതിന്റെ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള എല്ലാവർക്കും വീട് പദ്ധതിയിൽ ഒരു രൂപരേഖ പോലും ഡൽഹി സർക്കാർ സമർപ്പിച്ചിട്ടില്ല. കേന്ദ്രപദ്ധതികൾ ജനങ്ങൾക്കുപകാര പ്രദമാക്കി മാറ്റാൻ ബിജെപി ഇതര സംസ്ഥാനങ്ങൾ പോലും മത്സരിക്കുമ്പോൾ രാഷ്‌ട്രീയ വ്യത്യാസത്തിന്റെ പേരിൽ പുറം തിരിഞ്ഞു നൽക്കുന്ന ഡൽഹി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനമാണുയരുന്നത് .