ന്യൂഡല്‍ഹി: ഒരാഴ്ചക്കുളളില്‍ കശ്മീര്‍ അതിര്‍ത്തിയിലുണ്ടായ വെടിവെയ്പില്‍ പതിനഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബിഎസ്എഫ്. പാകിസ്ഥാന്റെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് ബിഎസ്എഫ് നല്കിയ തിരിച്ചടിയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന് അതിര്‍ത്തിരക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ധര്‍മേന്ദ്ര പരീഖ് പറഞ്ഞു. ഒക്ടോബര്‍ 21 ന് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ശക്തമായ വെടിവെയ്പാണ് നടക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
അതിര്‍ത്തി ഔട്ട്പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫിന്റെ മൂന്ന് ജവാന്മാരും പാക് വെടിവെയ്പില്‍ കൊല്ലപ്പെട്ടതായി ധര്‍മേന്ദ്ര പരീഖ് വ്യക്തമാക്കി. മുന്‍പെങ്ങുമില്ലാത്ത വിധം അതിര്‍ത്തിയിലെ വെടിവെയ്പ് ശക്തമായെന്ന സൂചനയാണ് ബിഎസ്എഫ് നല്‍കുന്നത്. പാക് റേഞ്ചേഴ്സിന്റെയും ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെയും സംരക്ഷണത്തോടെ തീവ്രവാദികളാണ് അതിര്‍ത്തിയിലെ വെടിവെയ്പിന് പിന്നിലെന്നും ബിഎസ്എഫ് ആരോപിക്കുന്നു.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അതിര്‍ത്തിയിലേക്ക് തുടര്‍ച്ചയായ വെടിവെയ്പ് ഉണ്ടായത്. പ്രകോപനം തുടര്‍ക്കഥയായതോടെ ശക്തമായി തിരിച്ചടിക്കാന്‍ ബിഎസ്എഫിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാകിസ്ഥാനുമായി 192 കിലോമീറ്റര്‍ നീളുന്ന അന്താരാഷ്ട്ര അതിര്‍ത്തി മേഖലയില്‍ അതീവജാഗ്രതയാണ് ബിഎസ്എഫ് പുലര്‍ത്തുന്നത്. ഇതില്‍ അധികവും ജമ്മുവിലൂടെയാണ് കടന്നുപോകുന്നത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെയ്പില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും പരിക്കേറ്റിരുന്നു. പൂഞ്ചിലെ മേന്ദാര്‍ സെക്ടറിലും ജമ്മുവിലെ ഖോര്‍ ബെല്റ്റിലുമായി രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു.