തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതര്‍ക്കെല്ലാം വീടു നിര്‍മിച്ചുനല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന എംപി മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. സ്ഥലലഭ്യത കുറവായതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കുമെന്നും പിണറായി വിജയന് പറഞ്ഞു.
കുട്ടികള്‍ക്ക് പഠിക്കാനും വൃദ്ധര്‍ക്കും രോഗികള്‍ക്കും പടിക്കെട്ടുകള്‍ കയറുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തില്‍ ലിഫ്റ്റ് പോലുള്ള സാങ്കേതിക സൗകര്യങ്ങളും ഉളള
ബഹുനിലക്കെട്ടിടങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ എല്ലാ എംപി മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേനലിന്റെ കാഠിന്യം നേരിടാന്‍ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുക, കിണറുകള്‍ സംരക്ഷിക്കുക, മഴവെള്ളം സംരക്ഷിക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
വിദ്യാഭ്യാസമേഖലയില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെ പശ്ചാത്തല സൗകര്യവും പഠന നിലവാരവും മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യത്തിന് ധനസഹായം ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷികമേഖലയില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ധനസഹായത്തില്‍ പകുതി പോലും ലഭിക്കുന്നില്ല. നൂറു ശതമാനം കേന്ദ്രസഹായം ലഭിച്ചിരുന്ന പല പദ്ധതികളുടെയും തുക പകുതിയായി വെട്ടിക്കുറച്ചതായും പിണറായി പറഞ്ഞു. എംപി മാരെയും മന്ത്രിമാരെയും കൂടാതെ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.