റിയാദ്: മെക്കയെ ലക്ഷ്യമിട്ട് സൗദി അറേബ്യയിലേക്ക് ഹൂതി വിമതരുടെ മിസൈലാക്രമണം. യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ നിന്ന് തൊടുത്തുവിട്ട സ്‌കഡ് മിസൈല്‍ തകര്‍ത്തതായി സൗദി സേന അവകാശപ്പെട്ടു. ഇറാനും ഹിസ്ബുളള ഭീകരരുമാണ് ഹൂതി വിമതര്‍ക്ക് മിസൈല്‍ സാങ്കേതികവിദ്യ കൈമാറിയതെന്നും സൗദി ആരോപിച്ചു.
യെമനിലെ സദാ പ്രവിശ്യയില്‍ നിന്നാണ് മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തു വിട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു ആക്രമണം. മെക്കയ്‌ക്ക് 65 കിലോമീറ്റര്‍ അകലെ മിസൈല്‍ റഡാറുകളില്‍ തെളിയുകയും ഉടന്‍ തന്നെ തകര്‍ക്കുകയും ചെയ്‌തെന്ന് സൗദി അറിയിച്ചു.
യെമന്‍ ഭരണകൂടത്തെ അട്ടിമറിച്ച ഷിയ വിഭാഗക്കാരായ ഹൂതികള്‍ സുന്നികള്‍ ഭരിക്കുന്ന സൗദിക്ക് എതിരാണ്. യെമനിലെ ഹൂതികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന ആക്രമണം നടത്തിവരികയുമാണ്. പുറത്താക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് സൗദി അഭയം നല്‍കുന്നുമുണ്ട്. ഇതാണ് സൗദിയെ ആക്രമിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ മെക്ക പോലുളള പുണ്യസ്ഥലത്തെ ആക്രമിക്കാന്‍ ശ്രമിച്ചത് സൗദിയെ ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം ജിദ്ദയിലെ തിരക്കേറിയ വിമാനത്താവളം ആയിരുന്നു ലക്ഷ്യം വെച്ചതെന്ന് ഹൂതികള്‍ പ്രതികരിച്ചു. സ്‌കഡ് മിസൈലിന്റെ പതിപ്പായ ബുര്‍ക്കന്‍ വണ്‍ ആണ് പ്രയോഗിച്ചതെന്ന് ഹൂതികള്‍ സാബാ ന്യൂസ് ഏജന്‍സി വഴി വ്യക്തമാക്കി. കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്നുണ്ടായ അമേരിക്ക- ഇറാഖ് യുദ്ധത്തില്‍ ഇറാഖ് ഏറെ ഉപയോഗിച്ച ആയുധമായിരുന്നു സ്‌കഡ് മിസൈലുകള്‍.
നേരത്തെയും മെക്കയുടെ ദൃശ്യപരിധിയില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഈ മാസം ആദ്യം തെയ്ഫിലെ സൗദി വ്യോമതാവളം ലക്ഷ്യമിട്ട് വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു.