വാഷിംഗ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഹില്ലരി ക്ലിന്റനെതിരേ വീണ്ടും എഫ്ബിഐ അന്വേഷണം. പുതിയ ചില ഇ മെയിലുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്ന് എഫ്ബിഐ വിശദീകരിച്ചു. അതേസമയം അന്വേഷണത്തെ ആത്മവിശ്വാസത്തോടെ നേരിടുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ഹില്ലരി പ്രതികരിച്ചു.
ഹില്ലരിയുടെ അടുത്ത സഹായി ഹുമ ആബെഡിന്റെ ഭര്‍ത്താവ് അന്റോണി വീനറുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അന്വേഷണത്തിത്തിനിടെ ലഭിച്ച
ഇ മെയിലുകളുടെ ചുവടുപിടിച്ചാണ് ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ എഫ്ബിഐ തീരുമാനിച്ചത്. ഹുമ ആബെഡിനുമായി വേര്‍പിരിഞ്ഞ് കഴിയുന്ന അന്റോണി, നോര്‍ത്ത് കരോളിനയിലെ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലായിരുന്നു അന്വേഷണം.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അന്റോണി വീനറിന്റെയും ഹുമയുടെയും ഇ മെയിലുകള്‍ അന്വേഷണ സംഘം പരിശോധിച്ചത്. ഇ മെയിലുകള്‍ കണ്ടെത്തിയ കാര്യം യുഎസ് കോണ്‍ഗ്രസില്‍ എഫ്ബിഐ മേധാവി അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര നാള് വേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇ മെയിലുകളില്‍ എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ ഉണ്ടോയെന്ന കാര്യമാണ് പരിശോധിക്കുക. കേസുമായി ബന്ധപ്പെട്ട പൂര്‍ണ വസ്തുതകള്‍ എത്രയും പെട്ടന്ന് അറിയാന്‍ അമേരിക്കന്‍ ജനതയ്ക്ക് അര്‍ഹതയുണ്ടെന്ന് ഹില്ലരി പ്രതികരിച്ചു.
വിദേശകാര്യ സെക്രട്ടറിയായിരിക്കെ സ്വകാര്യസെര്വറില് നിന്ന് ഇ മെയില്‍ അയച്ച സംഭവത്തില്‍ ഹില്ലരിക്കെതിരായ കേസ് നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. ഇ മെയിലുകള്‍ ഹില്ലരി അശ്രദ്ധമായിട്ടാണ് കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കിയ എഫ്ബിഐ ഇക്കാര്യത്തില്‍ അവര്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റകൃത്യം ചെയ്തതായി വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരിക്ക് മുന്‍തൂക്കമെന്ന സര്വ്വേകള്ക്കിടെയാണ് പുതിയ കേസ് പുറത്തുവരുന്നത്. അന്വേഷണത്തെ ഹില്ലരിയുടെ എതിര് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു.