പത്തനംതിട്ട: ആറന്മുളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിത്തു വിതച്ചു. ആറന്മുളയിലെ വിമാനത്താവളപദ്ധതിപ്രദേശത്ത് വിത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മുഖ്യമന്ത്രി വിതച്ചത് സ്വകാര്യവ്യക്തിയുടെ പാടശേഖരത്തിലായിരുന്നു.
വിമാനത്താവളപദ്ധതിപ്രദേശത്തു നിന്നും ഒരുകിലോമീറ്ററിലധികം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പാടത്ത് മുഖ്യമന്ത്രി വിത്തു വിതച്ചു. അതേസമയം ആറന്മുള വിമാനത്താവളപദ്ധതിപ്രദേശത്ത് കൃഷിയിറക്കും എന്നതായിരുന്നു എൽ.ഡി.എഫ് പ്രഖ്യാപനം. എന്നാൽ പദ്ധതിപ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിക്കും വരെ കെ.ജി.എസ് ഗ്രൂപ്പിന്റെ സ്വന്തം ഭൂമിയാണിത്. കൃഷിയിറക്കുന്നത് സ്വകാര്യ വ്യക്തിയുടെ പാടത്താണെന്നും കെ.ജി.എസ് മണ്ണിട്ടു നികത്തിയ പദ്ധതിപ്രദേശത്ത് കൃഷിയിറക്കാൻ കുറച്ചു നടപടിക്രമങ്ങൾ കൂടിയുണ്ടെന്നും കൃഷിമന്ത്രി വി,.എസ്. സുനിൽകുമാർ പറഞ്ഞു.
കൃഷിയിറക്കുന്ന ഭൂമി പദ്ധതിപ്രദേശമാണെന്നു വാദിക്കുന്ന ഇടതു നേതാക്കളുടെയിടയിൽ സ്ഥലം എം.എൽ.എ വീണാ ജോർജ്ജ് തന്നെ ഇത് സ്വകാര്യവ്യക്തിയുടെ ഭൂമിയാണെന്നു പറഞ്ഞു. “ശ്രീ ബാലനെന്ന കർഷകന്റെ ഒന്നരയേക്കർ ഭൂമിയിലാണ് നമ്മളാദ്യമായി വിത്തെറിഞ്ഞിരിക്കുന്നത്” എന്നാണ് വീണാ ജോർജ്ജ് തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കുന്നു എന്നതിനു പകരം ആറന്മുള പുഞ്ചയിൽ കൃഷിയിറക്കുന്നു എന്നാക്കി ചടങ്ങിന്റെ ഫ്ലക്സ് ബോർഡുകൾ മാറ്റിയിരുന്നു. ആറന്മുളയിലെ മിച്ചഭൂമി പ്രഖ്യാപനത്തെപ്പറ്റിയോ മിച്ചഭൂമിയിലെ കൃഷിയെപ്പറ്റിയോ പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗവും.
കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എം.എൽ.എ വീണാ ജോർജ്ജ്, റാന്നി എം.എൽ.എ രാജു എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ 40 ഹെക്ടർ പ്രദേശത്താണ് കൃഷിയിറക്കുകയെന്നും 1 കോടി 53 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി ഈ തുക നൽകാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ആയിരം ഏക്കർ വിസ്തീർണ്ണമുള്ള ആറന്മുള പുഞ്ചയിൽ വിമാനത്താവളത്തിന്റെയും, പാലം നിർമ്മാണത്തിന്റെയും പേരിൽ കൃഷിയിറക്കുന്നത് നിലച്ചിട്ട് വർഷങ്ങളായിരുന്നു.