ഔറംഗാബാദ്: പടക്കക്കടകളിൽ വൻ തീപിടുത്തം. ഉച്ചയോടടുപ്പിച്ചു പടർന്നു പിടിച്ച തീയിൽ 200 പടക്കക്കടകളും നാൽപ്പതിലധികം വാഹനങ്ങളും അഗ്നിക്കിരയായി. അതേസമയം ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീപിടുത്തമുണ്ടായതിനേത്തുടർന്ന് കടകളിലുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. 25 ഇരുചക്രവാഹനങ്ങളും, 15ഓളം നാലു ചക്രവാഹനങ്ങളും തീപിടുത്തമുണ്ടായി അൽപ്പസമയത്തിനകം തന്നെ കത്തിച്ചാമ്പലായതായി ദൃക്സാക്ഷികൾ പറഞ്ഞു. പത്തിലധികം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനങ്ങളും, ഉയർന്നു പൊങ്ങിയ പുകപടലവും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങളുടെ വൻ ശേഖരം ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.