തിരുവനന്തപുരം: ഈ വർഷാരംഭം മുതൽ ആറുമാസത്തിനുള്ളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 910 ബലാത്സംഗക്കേസുകൾ. ജൂലൈ വരെയുളള കാലയളവിൽ സ്തീകൾക്കെതിരേയുളള അതിക്രമങ്ങളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 7909 കേസുകളിലെ ബലാത്സംഗക്കേസുകളുടെ മാത്രം കണക്കാണിത്.
കേരള പൊലീസിന്റെ ക്രൈം സ്റ്റാറ്റിറ്റിക്സ് പ്രകാരം മാത്രമുളള കണക്കുകളാണിത്. റിപ്പോർട്ട് ചെയ്യപ്പെടാത്തതോ, പുറത്തു വന്നിട്ടില്ലാത്തതോ ആയ കുറ്റകൃത്യങ്ങൾ ഇതിലും കൂടുതൽ വരാമെന്നാണ് വിവരം.
ഇതിൽത്തന്നെ 2332 കേസുകൾ പീഡനവും, 190 കേസുകൾ പൂവാലശല്യത്തിനുമെതിരേ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. 78 കേസുകൾ തട്ടിക്കൊണ്ടു പോകലിനും, 910 കേസുകൾ ബലാത്സംഗത്തിനുമാണ്. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരേ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ആകെയെണ്ണം 1263 ആയിരുന്നു.
സ്ത്രീകൾക്കെതിരേ ഉയർന്നു വരുന്ന പരിഭ്രമിപ്പിക്കുന്ന അളവിലുളള കുറ്റകൃത്യങ്ങൾ വിഷയത്തിൽ ആവശ്യമായത്ര ബോധവത്കരണമോ പ്രതിരോധനടപടികളോ നടത്തപ്പെടുന്നില്ലെന്നതിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ കെ.സി.റോസക്കുട്ടി പറഞ്ഞു.
അതിവേഗ കോടതികളുടെ അപര്യാപ്തതയും, കേസുകൾ തീർപ്പാകുന്നതിലുളള കാലതാമസവും ഇതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.