തിരുവനന്തപുരം: സംസ്ഥാനം കാത്തിരിക്കുന്നത് കൊടും വരൾച്ചയെ ആണെന്ന് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ആവശ്യത്തിനു മഴ ലഭിക്കാതിരുന്നതാണ് കേരളം കൊടും വരൾച്ചയിലേക്കു പോകാനുളള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജൂൺ 1 മുതൽ, സെപ്റ്റംബർ 30 വരെയുളള കാലയളവിൽ ഇക്കുറി 1352.3 മില്ലീമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭ്യമായത്. സാധാരണ ഗതിയിൽ 2039.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്. 34 ശതമാനത്തിന്റെ കുറവാണ് ഇക്കൊല്ലം മഴലഭ്യതയിൽ ഉണ്ടായിട്ടുളളത്.
ഒക്ടോബറിലും സംസ്ഥാനത്ത് മഴ ലഭ്യമായിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ വരൾച്ചാസമാനമായ സ്ഥിതി കേരളം നേരിടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകുന്നത്.