ശ്രീനഗർ: വിദ്യാലയങ്ങൾ തീ വച്ചു നശിപ്പിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലും, കശ്മീരിൽ വീണ്ടും വിദ്യാലയം തീ വച്ചു നശിപ്പിച്ചു. തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിലുളള നവോദയ വിദ്യാലയത്തിനാണ് അജ്ഞാതർ തീ വച്ചത്.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുളള ജവഹർ നവോദയ വിദ്യാലയ ആണ് വിഘടനവാദികൾ തീയിട്ടു നശിപ്പിച്ചത്. തീ വളരെ വേഗം കത്തിപ്പടരുകയും വളരെ വലിയ നാശനഷ്ടങ്ങൾ വരുത്തിത്തീർക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സ്കൂൾ കെട്ടിടത്തിൽ നിന്നും തീ പടർന്നു പിടിക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടതിനേത്തുടർന്ന് അധികാരികളെ അറിയിക്കുകയായിരുന്നു.
കശ്മീരിൽ തുടർന്നു വരുന്ന കലാപങ്ങളിൽ ആകെ 25ഓളം വിദ്യാലയങ്ങളാണ് കലാപകാരികൾ അഗ്നിക്കിരയാക്കിയത്. ഇതിൽ മിക്കതും സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയങ്ങളാണ്. കഴിഞ്ഞ 112 ദിവസങ്ങളിലായി വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് മേഖലയിലുളളത്.