കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം കേസിലെ മറ്റു പ്രതികളായ കറുകപ്പളളി സിദ്ദീഖ്, കോതാടത്ത് ഫൈസല്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
എന്നാൽ ഒളിവിൽ പോയെന്നു പറയപ്പെടുന്ന സക്കീർ ഹുസൈൻ ജില്ലയിൽ തന്നെയുണ്ടെന്നാണ് പുതിതായി ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ രാവിലെ സക്കീർ ഹുസൈനെ കളമശ്ശേരി മാർക്കറ്റിൽ കണ്ടെന്ന വിവരത്തേത്തുടർന്ന് കേരള പൊലീസിന്റെ ക്വിക്ക് ആക്ഷൻ ടീം അടക്കമുളള സംഘം ഇന്നലെ വൈകിട്ടു മുതൽ കളമശ്ശേരിയിൽ രഹസ്യമായി തിരച്ചിൽ നടത്തിയതായും വിവരമുണ്ട്. പ്രതി നാടു വിട്ടെന്ന് പൊലീസ് പറയുമ്പൊഴും, പ്രതി തന്റെ തട്ടകത്തിൽ തന്നെ സ്വൈര്യവിഹാരം നടത്തുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ നിരീക്ഷണ കാമറകളടക്കം പൊലീസ് പരിശോധിച്ചിരുന്നു.