ഭോപ്പാൽ: ഭോപ്പാൽ സെൻട്രൽ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു ജയിൽ ചാടി രക്ഷപ്പെട്ട എട്ട് സിമി ഭീകരരെയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഭോപ്പാൽ നഗരത്തിനു പുറത്തുളള ഐന്ത്ഖേദി ഗ്രാമത്തിലാണ് സംഘട്ടനം നടന്നത്.
നിരോധിത സംഘടനയാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ എന്ന സിമി. വധിക്കപ്പെട്ട എട്ടു ഭീകരരും ഈ സംഘടനയിലെ അംഗങ്ങളാണ്. ഇവർ ജയിൽ ചാടിയതിനേത്തുടർന്ന് മദ്ധ്യപ്രദേശിൽ അതീവജാഗ്രതാനിർദ്ദേശം നൽകിയിരുന്നു.
അതീവഗുരുതരമായ സുരക്ഷാവീഴ്ച്ചയാണ് ഭോപ്പാൽ സെൻട്രൽ ജയിലിൽ ഉണ്ടായതെന്നു വിലയിരുത്തപ്പെടുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മദ്ധ്യപ്രദേശ് സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
2013ൽ ഭോപ്പാലിലെ ഖണ്ഡ്വാ ജില്ലാ ജയിലിൽ നിന്നും തടവു ചാടിയ ആറു ഭീകരരിൽ, മൂന്നു പേരും ഇന്നു തടവു ചാടിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതേസമയം ഇവർക്കു പൊലീസുമായി ഏറ്റുമുട്ടാനുളള ആയുധങ്ങൾ എവിടെനിന്നു കിട്ടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമുട്ടൽ സംബന്ധിച്ച വിശദാംശങ്ങൾ ഇതു വരെ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.