തിരുവനന്തപുരം: കേരളത്തെ വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നവംബർ, ഡിസംബർ മാസങ്ങളിൽ നല്ല മഴ ലഭിച്ചാൽ പോലും സംസ്ഥാനം കനത്ത വരൾച്ച നേരിടേണ്ടി വരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാലവർഷത്തിൽ 34 ശതമാനവും, തുലാവർഷത്തിൽ 69 ശതമാനവും കുറവാണ് കണക്കാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിടുന്ന കുടിവെളളക്ഷാമം, വൈദ്യുതി പ്രതിസന്ധി, കാർഷികമേഖലയിലെ ജലദൗർലഭ്യം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വി.എസ്.ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.
സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ മോറട്ടോറിയം നിലവിൽ വരുമെന്നും അതിനാൽ കേന്ദ്രസഹായം ലഭ്യമാകുമെന്നുമുളള പ്രതീക്ഷയിലാണ് സംസ്ഥാനം. കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സഭയിൽ ആവശ്യപ്പെട്ടു.