തിരുവനന്തപുരം : കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് നിയമസഭാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനായിരിക്കും.വേദിയിലൊരുക്കിയ 60 തിരിയിട്ട വിളക്കിന് പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപം തെളിയിക്കും.നിയമസഭയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് അറുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനചടങ്ങ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനസമ്മേളനത്തില്‍ വൈദ്യുതി-ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് സ്വാഗതം ആശംസിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, സുഗതകുമാരി, റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, പി.ടി. ഉഷ എന്നിവര്‍ സംസാരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നന്ദി പറയും. ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍, കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, കേരള സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ 8.30 മുതല്‍ സാംസ്കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഐക്യകേരളപ്പിറവിയെ ഓര്‍മ്മപ്പെടുത്തി സമകാലീന കേരളം വരെയുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന രീതിയില്‍ പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കാവ്യ, ഗാന, ദൃശ്യവിരുന്ന് നടക്കും. ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ അറുപതോളം ഗായകര്‍ ഒരുക്കുന്ന സംഗീതവിരുന്നും, ഡോ. ഓമനക്കുട്ടി ടീച്ചറുടെ സംഗീതഭാരതി ഗായകസംഘവും അവതരിപ്പിക്കുന്ന മലയാള കവിതാ ഗാനനാള്വഴിയിലൂടെയുളള ആലാപന വിരുന്നും ‘കേരളീയം’ പരിപാടിയില്‍ അരങ്ങേറും.
ഉച്ചക്ക് 12 മണിക്ക് ദൃശ്യകലാ സമന്വയമായ ‘മലയാള കാഴ്ച’ അവതരിപ്പിക്കും. പി. ഭാസ്കരന് മാസ്റ്റര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ ഈണത്തില്‍ നൂപുര നൃത്തസംഘമാണ് കലാവിരുന്ന് ഒരുക്കുന്നത്. ഉച്ചക്ക് 12.30ന് കേരള കാവ്യ-കല, നവോത്ഥാന, രാഷ്ട്രീയ സഞ്ചാരങ്ങളെ ആസ്പദമാക്കിയുള്ള സവിശേഷമായ ദൃശ്യവിരുന്ന് പേരാമ്പ്ര മാതാ മലയാളം തീയറ്റര്‍ സംഘം അവതരിപ്പിക്കും