മലപ്പുറം: മലപ്പുറത്ത് കോടതി വളപ്പിനുളളിൽ നിർത്തിയിട്ട കാറിൽ പൊട്ടിത്തെറി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഹോമിയോ) നിർത്തിയിട്ട കാറിന്റെ പിൻവശത്തായാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. കാറിനുളളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സംശയമുണ്ട്. അതേസമയം സ്ഫോടനത്തിനു ശേഷം അവിടമാകെ കരിമരുന്നിന്റെ ഗന്ധം വ്യാപിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവസ്ഥലത്തു നിന്നും ഒരു പെൻ ഡ്രൈവും, ലഘുലേഖയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണ് ലഘുലേഖ. സ്ഫോടനസ്ഥലത്തു നിന്നും ലഭിച്ച ഒരു പെട്ടിയിൽ ഉള്ളടക്കം ചെയ്ത നിലയിലായിരുന്നു ഇത്. പെട്ടിയിൽ ദ ബേയ്സ് മൂവ്മെന്റ് എന്ന് ഇംഗ്ലീഷിൽ എഴുതിയൊട്ടിച്ചിരുന്നു. ഇന്ത്യയുടെ ഭൂപടത്തിനു മുകളിൽ പ്രിന്റ് ചെയ്ത കത്ത് ആരംഭിക്കുന്നത് ഇൻ ദ നെയും ഓഫ് അളളാ എന്നാണ്.
സ്ഫോടനത്തിൽ കാറിന്റെ പിൻഭാഗം തകരുകയും ടയറുകൾ പഞ്ചറാവുകയും ചെയ്തു. സമീപത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലുകൾ തകരുകയും ചെയ്തു. പൊലീസ് പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഒരു വാഹനം ഇതിനു സമീപത്തുണ്ട്. നിരവധി നാളുകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഈ വാഹനം പൊലീസും, ഫയർഫോഴ്സും ചേർന്ന് പരിശോധിക്കാനൊരുങ്ങുകയാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന തരം ബാറ്ററിയുടെ അവശിഷ്ടങ്ങൾ സമീപത്തു നിന്നും ലഭിച്ചതായും വിവരമുണ്ട്. സംഭവം അട്ടിമറിയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡി.വൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയടക്കമുളള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു.