തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിലേറിതുടർച്ചയായി രണ്ടാംമാസവും കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി. സംസ്ഥാനത്തെ ഒരു ഡിപ്പോയിലും ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മാസം ആദ്യം ജീവനക്കാർ പണിമുടക്കിയിരുന്നു. 74 കോടി രൂപയാണ് ശമ്പള വിതരണത്തിന് മാത്രം കെഎസ്ആർടിസിക്ക് പ്രതിമാസം വേണ്ടത്.
സാധാരണയായി മാസാവസാനം നൽകുന്ന ശമ്പളം ഇതുവരെയും വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ ശമ്പള ഇനത്തിൽ 74 കോടി രൂപയും പെൻഷൻ ഇനത്തിൽ 65 കോടി രൂപയും വേണം. ആവശ്യമായ മുഴുവൻ തുകയും കണ്ടെത്താൻ കെഎസ് ആർടിസിക്ക് കഴിയാത്തതാണ് ശമ്പള വിതരണം മുടങ്ങാൻ കാരണം.
കഴിഞ്ഞമാസം അഞ്ചാം തീയതി ആയിട്ടും ശമ്പളം ലഭിക്കാഞ്ഞതിനെ തുടർന്ന് ജീവനക്കാർ പണിമുടക്കിയിരുന്നു. അന്ന് 34 ഡിപ്പോകളിൽ ശമ്പളം ഒന്നാം തീയതിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ മാസം ആർക്കും ശമ്പളം ലഭിച്ചിട്ടില്ല.
ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് എസ്ബിറ്റിയിൽനിന്നും തുക വാങ്ങിയാണ് ശമ്പളം നൽകിയത്. ഇത്തവണ തുക നൽകില്ലെന്നും ഇവർ അറിയിച്ചിരുന്നു. ഇത്തവണ ജീവനക്കാർ സമരത്തിലേക്ക് പോകുന്നതിന് മുമ്പ് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹകരണബാങ്കിനെ സമീപിക്കാനാണ് കെഎസ് ആർടിസി തയ്യാറെടുക്കുന്നത്.