അരിസോണ: യു.എസിലെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പരായ 911 ഹാക്ക് ചെയ്തതിനേത്തുടർന്ന് ഇന്ത്യൻ വംശജനായ പതിനെട്ടുകാരൻ അറസ്റ്റിലായി. മീത്കുമാർ ഹിതേഷ്ഭായ് ദേശായി എന്ന വിദ്യാർത്ഥിയാണ് പൊലീസ് പിടിയിലായത്.
മീറ്റ് ദേശായ് എന്ന പേരിലുളള ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് ഇയാൾ 911 ഹാക്ക് ചെയ്യുകയായിരുന്നു. ഈ അക്കൗണ്ടിന്റെ ഡൊമൈൻ വിലാസം കണ്ടെത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആരെങ്കിലും ഈ ട്വിറ്റർ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 911ലേയ്ക്ക് തുടർച്ചയായി കോളുകൾ പോവുകയായിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സംവിധാനം താറുമാറായി.
അതേസമയം തനിക്ക് ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നെന്നും, പുതിയ കണ്ടുപിടുത്തം എന്തെങ്കിലും നടത്തി സോഫ്റ്റ്വെയർ/ഹാർഡ് വെയർ കമ്പനികളിൽ നിന്നും പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രമേയുളളൂവെന്നും ഇതിനായുളള പരീക്ഷണമെന്ന നിലയിലാണ് താൻ ഹെൽപ്പ് ലൈൻ നമ്പർ ഹാക്ക് ചെയ്തതെന്നുമാണ് ദേശായ് പൊലീസിനോടു പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.