ഇസ്ളാമാബാദ് : പാനമ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഷെരീഫിന്റെ കുടുംബാംഗങ്ങളുടെ കളളപ്പണ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പാകിസ്ഥാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേ സമയം, നവാസ് ഷെരീഫിനെതിരെ നടത്താനിരുന്ന റാലി ഉപേക്ഷിച്ചതായി പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ അറിയിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബാംഗങ്ങൾക്ക് പാനമയിലും മറ്റ് വിദേശരാജ്യങ്ങളിലും കളളപ്പണ നിക്ഷേപം ഉണ്ടെന്ന് അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷെരീഫ് രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുയർത്തി. എന്നാൽ, വെളിപ്പെടുത്തലുകളെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തളളി നവാസ് ഷെരീഫ്. വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ടെന്ന് കണ്ട പാകിസ്താൻ സുപ്രീം കോടതി, അന്വേഷണ കമ്മീഷന് രൂപം നൽകി.
അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ നേരിടുന്ന ഒറ്റപ്പെടലിന് പഴി കേൾക്കുന്ന നവാസ് ഷെരീഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. അതിനിടെ, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, നവാസ് ഷെരീഫിനെതിരെ സംഘടിപ്പിക്കാനിരുന്ന റാലി ഉപേക്ഷിച്ചതായി പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാൻ അറിയിച്ചു. പത്ത് ലക്ഷം പേരെ സംഘടിപ്പിച്ച് ഇസ്ലാമാബാദിലേക്ക് കൂറ്റൻ മാർച്ച് നടത്താനായിരുന്നു ഇമ്രാൻ ഖാൻ പദ്ധതിയിട്ടിരുന്നത്. സുപ്രീം കോടതിയോട് നന്ദി പ്രകടിപ്പിക്കുന്ന റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.