മലപ്പുറം: കേരളത്തില്‍ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മലപ്പുറം സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദ ബേസ് മൂവ്‌മെന്റിന്റെ ഭീഷണി. ഇന്നലെ സ്‌ഫോടനമുണ്ടായ മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് നിന്നും ലഭിച്ച പെന്‍ഡ്രൈവിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ ഉളളത്. നേരത്തെ കൊല്ലത്ത് ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടത്തിയത് ഒരേ സംഘം തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവില്‍ ഉളളതെന്ന് തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു.
സ്‌ഫോടനസ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് എം.ആര്‍ അജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലത്തും മൈസൂരും ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നടന്നത് ഒരേ തരത്തിലുളള സ്‌ഫോടനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ കിട്ടിയ തെളിവുകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം ഒരേ ഗ്രൂപ്പ് ചെയ്തതായിട്ടാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ടി ബാലന്റെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ കളക്ട്രേറ്റ് വളപ്പില്‍ എന്‍ഐഎ സംഘവും പരിശോധന നടത്തി. പെന്‍ഡ്രൈവില്‍ നിന്നുളള വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിവരം.
സംഭവത്തില്‍ കളക്ട്രേറ്റ് വളപ്പില്‍ ഉണ്ടായ സുരക്ഷാ വീഴ്ച ചര്‍ച്ച വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കളക്ടറേറ്റില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാനും ഇവിടെ സൂക്ഷിച്ചിട്ടുളള തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചു. കളക്ടറേറ്റ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും ധാരണയായി.