ആലപ്പുഴ: പക്ഷിപ്പനി നേരിടാന്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു വ്യക്തമാക്കി. പക്ഷിപ്പനി ബാധിച്ച കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വെളളിയാഴ്ച ഡല്‍ഹിയില്‍ ബന്ധപ്പെട്ട മന്ത്രിമാരെ കണ്ട് ഇതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കെ. രാജു വ്യക്തമാക്കി. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാവിലെ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.
പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ 38,000 ത്തോളം താറാവുകളെ ഇതുവരെ കൊന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ രോഗം കണ്ടെത്തിയ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെ കൊല്ലണമെന്ന മുന്‍ തീരുമാനം മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വരും ദിവസങ്ങളിലും പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ആലപ്പുഴയില്‍ മാത്രം ഒരു ലക്ഷത്തോളം താറാവുകളെ കൊല്ലേണ്ടി വരുെമന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം സ്ഥിരീകരിച്ച ചമ്പക്കുളം, മുട്ടാര്‍, തകഴി, നീലംപേരൂര്‍, തുടങ്ങിയ പ്രദേശങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്.