കോഴിക്കോട്: കോടതികളിലെ മാദ്ധ്യമവിലക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. നിയമസഭയില്‍ ഒന്ന് പറയുകയും പുറത്ത് മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ് ആണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കോടതികളില്‍ മാദ്ധ്യമങ്ങളെ വിലക്കേണ്ടത് മുഖ്യമന്ത്രിയുടെ കൂടി ആവശ്യമാണെന്നും അതിനാലാണ് അദ്ദേഹം ഈ നിലപാട് സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് നടപടികള്‍ കൈക്കൊണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.
ഏറെ വിവാദമായ ജിഷ വധക്കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ഇറക്കിവിടണമെന്ന് ഒരു സംഘം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് കോടതി മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ശിരസ്തദാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അഭിഭാഷകരുടെ നടപടി വീണ്ടും വിവാദമായതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. പ്രശ്‌നം തുടങ്ങിയിട്ട് നാളുകളായെങ്കിലും സര്‍ക്കാരിന് ഇതുവരെ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.