തിരുവനന്തപുരം: കേരളത്തിലെ ബലിദാനികളുടെ ഓര്‍മ്മയ്‌ക്കായി ബിജെപി പുറത്തിറക്കിയ സ്മരണികയായ ആഹുതിയിലെ മുഖചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് കേസരി പത്രാധിപരുടെ മറുപടി. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ പി. എം മനോജ് ആണ് സ്മരണികയുടെ മുഖചിത്രം ഫോട്ടോഷോപ്പ് ആണെന്ന ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിവിട്ടത്. ഇത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
മുഖചിത്രത്തിലെ കരയുന്ന പെണ്‍കുട്ടി ഏത് ബലിദാനിയുടെ ബന്ധുവാണെന്ന് ചോദിച്ചായിരുന്നു പി.എം മനോജിന്റെ വെല്ലുവിളി. ഇത് ഏറ്റെടുത്തുകൊണ്ടാണ് കേസരി പത്രാധിപര്‍ എന്‍.ആര്‍ മധു മറുപടി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധത്തില്‍ പെട്ട വിനോദിന്റെ മകള്‍ ശിവദയാണ് കരയുന്നതെന്ന് എന്‍.ആര്‍ മധു വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 11 ന് തിരുവനന്തപുരം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ എത്തിയാല്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ കരയുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ കാട്ടിത്തരാമെന്നും എന്‍.ആര്‍ മധു പറഞ്ഞു. എന്ന് സ്വന്തം അമ്മ എന്ന ഡോക്യുമെന്ററിയിലൂടെ ശിവദയുടെ മാത്രമല്ല ഒരുപാട് പേരുടെ വ്യാജമല്ലാത്ത കണ്ണുനീര്‍ കാട്ടത്തരാമെന്നും ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയില്‍ എന്‍.ആര്‍ മധു വ്യക്തമാക്കി.
മുഖചിത്രം ഒറിജനല്‍ ആണെങ്കില്‍ തന്റെ പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാമെന്നും പി.എം മനോജ് വ്യക്തമാക്കിയിരുന്നു. വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ പി.എം മനോജ് മാപ്പു പറയാന്‍ തയ്യാറാകണമെന്നും എന്‍.ആര്‍ മധു ആവശ്യപ്പെടുന്നുണ്ട്. ഫോട്ടോഷോപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും കണ്ണുനീര്‍ ഇളനീര് പോലെ ചെത്തിയെടുത്ത് കണ്ണിനടുത്ത് കൊണ്ടുവെച്ചിരിക്കുകയാണെന്നും പി.എം മനോജ് പരിഹസിച്ചിരുന്നു. കേസരി പത്രാധിപരുടെ മറുപടിക്ക് ശേഷം വിഷയത്തില്‍ പി.എം മനോജ് പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ സംഘടനയ്‌ക്ക് വേണ്ടി ബലിദാനികളായവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഹുതി പുറത്തിറക്കിയത്. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്മരണിക പ്രകാശനം ചെയ്തത്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ആയിരുന്നു ആഹുതിയില്‍ അധികവും ഉണ്ടായിരുന്നത്. ആഹുതിയിലെ വിവരങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ മുഖ്യചര്‍ച്ചയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.