തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മായം ചേര്‍ക്കല്‍ മാഫിയയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമയെ ഉള്‍പ്പെടെയാണ് മാറ്റിയിരിക്കുന്നത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിട്ടാണ് അനുപമയെ നിയമിച്ചിരിക്കുന്നത്. മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയായ വിമുക്തി പദ്ധതിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. നവജ്യോത്ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍.
പ്രമുഖ ബ്രാന്‍ഡഡ് കറിപൗഡറുകളില്‍ ഉള്‍പ്പെടെ മായം കലര്‍ന്ന സംഭവങ്ങള്‍ പുറ്ത്തുകൊണ്ടുവരികയും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥയാണ് ടി.വി അനുപമ. വന്‍കിട ഹോട്ടലുകള്‍ക്കെതിരേയും അനുപമ സ്വീകരിച്ചിരുന്ന നടപടികള്‍ ഏറെ ജനപിന്തുണ നേടിയിരുന്നു. അതുകൊണ്ട് തന്നെ അനുപമയെ ഈ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദവും ഏറെയായിരുന്നു. എന്നാല്‍ സാധാരണ നടപടിക്രമമാണെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെയും നിയമിച്ചു. മിനി ആന്റണി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ആകും. വി. രതീശന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ആകും. പി. ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.