ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഇന്ന് ഉറി സൈനിക ബ്രിഗെഡ് ആസ്ഥാനം സന്ദർശിക്കും. പാക് അധീനകാശ്മീരിൽ നടത്തിയ മിന്നാലാക്രമണത്തിനു ശേഷം ആദ്യമായാണ് പ്രധിരോധമന്ത്രി ഉറിയിലെത്തുന്നത്. കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗും മന്ത്രിക്കൊപ്പമുണ്ടാകും.
നിയന്ത്രണ രേഖയിലെ നിർണായകമായ സൈനിക പോസ്റ്റുകളിൽ കൂടി പരീക്കർ സന്ദർശനം നടത്തുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ശ്രീ നഗറിലെത്തിയ മനോഹർ പരീക്കറും കരസേനാ മേധാവിയും മറ്റുന്നത സൈനിക ഉദ്യോഗസ്ഥരുമായി അതിർത്തിയിലെ സുരക്ഷാ സജ്ജീകരണങ്ങൾ പ്രാഥമികമായി വിലയിരുത്തി.
ഉത്തര മേഖലാ ബി.എസ്.എഫ് മേധാവിയുമായും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരുമായും യോഗം ചേരും. ഇതോടൊപ്പം പരം വീർ ചക്ര നേടിയ ആദ്യ ഇന്ത്യൻ സൈനികൻ മേജർ സോമനാഥിന്റെ 69ആം ചരമ വാർഷിക ചടങ്ങിലും പരീക്കർ പങ്കെടുക്കും.