ദുബായ്: ചൊവ്വയെ അറിയാനുളള യുഎഇയുടെ സ്വപ്ന പദ്ധതി അന്തിമഘട്ടത്തിലേക്ക്. ചൊവ്വാ ദൗത്യത്തിനായുള്ള പേടകത്തിന്റ അന്തിമ രൂപരേഖ തയ്യാറായി. അല്‍ അമല്‍ എന്ന് പേരിട്ടിരിക്കുന്ന പേടകം രാജ്യം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ചൊവ്വയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ദൗത്യത്തിനായുള്ള പേടകത്തിന്റെ മാതൃകയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. ചൊവ്വയിലെ അന്തരീക്ഷവും കാലാവസ്ഥയുമാണ് പേടകം പ്രധാനമായും പരിശോധിക്കുക. 2020 ല്‍ വിക്ഷേപിക്കും. 60 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 2021 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ചൊവ്വയില്‍ എത്തും.
കഴിഞ്ഞ ദിവസം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ എത്തിയ ശൈഖ് മുഹമ്മദ് ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തിയശേഷം സ്പേസ് സെന്ററില്‍ പുരോഗമിക്കുന്ന യുഎഇയുടെ കൃത്രിമോപഗ്രഹ നിര്‍മ്മാണ സമുച്ചയത്തിന്റെ രണ്ടാംഘട്ടവും ഉദ്ഘാടനം ചെയ്തു. ദൗത്യ വിജയിക്കുന്നതോടെ ചൊവ്വ കീഴടക്കിയ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും ഇടം പിടിക്കും.