ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന ദുര്‍ഘട മേഖലയില്‍ ചരക്ക് വിമാനമിറക്കി വായുസേനയുടെ ശക്തിപ്രകടനം. ചൈനയുടെ അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ അരുണാചല്‍ പ്രദേശിലെ മേച്ചുകയിലാണ് സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം വായുസേന ഇറക്കിയത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധ സമയത്ത് തന്ത്രപ്രധാന മേഖലയായിരുന്ന ഇവിടെ ആദ്യമായിട്ടാണ് വായുസേന വിമാനം ലാന്‍ഡ് ചെയ്യിപ്പിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 6200 അടി ഉയരത്തിലാണ് മേച്ചുക. പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു ലാന്‍ഡിംഗ്. അടുത്തിടെയാണ് ഇവിടുത്തെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് അപ്‌ഗ്രേഡ് ചെയ്തത്. ഇവിടെ നിന്നും 500 കിലോമീറ്റര്‍ അകലെയുളള ദിബ്രൂഗഢിലാണ് റെയില്‍, വ്യോമ ഗതാഗതം ഉളളത്. സാധാരണഗതിയില്‍ ഇവിടെയെത്താന്‍ മണിക്കൂറുകള്‍ എടുക്കും.
തുടര്‍ച്ചയായ മണ്ണിടിച്ചില്‍ മൂലം ഇവിടേക്കുളള റോഡുകളും പാടേ തകരാറിലാണ്. പര്‍വ്വത മേഖലകളിലും താഴ്‌വാരങ്ങളിലും വിമാനമിറക്കാനുളള ശേഷിയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് വായുസേന വ്യക്തമാക്കി.
ചരക്കുവിമാനമായ സി 17 ഗ്ലോബ് മാസ്റ്ററിന് 17.75 ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ പോലെയുളള അവസരത്തില്‍ റോഡ് ബന്ധം ഇല്ലാത്ത ദുര്‍ഘട മേഖലകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനും മനുഷ്യരെ കൊണ്ടുപോകാനും ഉള്‍പ്പെടെയുളള സേവനങ്ങള്‍ക്കാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുക.