പിആർഡിയെ ഒഴിവാക്കി ശബരിമലയിലെ മീഡിയ സെന്റർ സ്വകാര്യ ഏജൻസിയ്ക്ക് നൽകാനുള്ള നീക്കത്തെ ന്യായികരിച്ച് ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. പിആർഡിയുടെ ചുമതലയിൽ പ്രവർത്തിച്ച മീഡിയസെന്റർ കഴിഞ്ഞ തവണ നിലവാരം പുലർത്താത്തതാണ് സ്വകാര്യ ഏജൻസിയ്ക്കായി ടെൻഡർ വിളിക്കാൻ കാരണമെന്നും പ്രയാർ പറഞ്ഞു. ജനം ടിവി വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിആർഡി സൗജന്യ നിരക്കിൽ ശബരിമലയിൽ ഒരുക്കുന്ന മീഡിയ സെന്ററിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ഏജൻസിയ്ക്ക് ടെൻഡർ നൽകാൻ ദേവസ്വം ബോർഡ് നീക്കം ആരംഭിച്ചത്. വൻ അഴിമതിയ്ക്ക് ഇടയാക്കിയേക്കാവുന്ന നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെ ന്യായികരിച്ച് ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.
മീഡിയ സെന്ററിന്റെ പ്രവർത്തനം നിലവാരം പുലർത്തുന്നില്ലെന്ന കാര്യം പിആർഡി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പ്രയാർ കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ നീക്കം അഴിമതിയ്ക്കിടയാക്കുമെന്ന ആരോപണം പ്രയാർ ഗോപാലകൃഷ്ണൻ നിഷേധിച്ചു. അഴിമതി നടന്നാൽ വിജിലൻസിന് അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.