തൃശൂർ : വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പിഎം നേതാവായ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ കേസന്വേഷിക്കുന്ന പേരാമംഗലം സി.ഐയെ അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.എ ശിവദാസനാണ് കേസ് അന്വേഷിക്കുക.
പീഡനാരോപണക്കേസിലെ അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാറില്‍നിന്ന് വിവരങ്ങള്‍ തേടി. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിൽ മുമ്പ് കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ മണികണ്ഠനില്‍നിന്നും ഐ.ജി നേരിട്ട് വിശദീകരണം എടുത്തു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവം നടന്ന വീട്ടില്‍ കൊണ്ടുപോയി മൊഴിയെടുത്തപ്പോഴും സ്റ്റേഷനില്‍ വെച്ചും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന ഗുരുതര ആരോപണമാണ് യുവതി പൊലീസിനെതിരെ ഉന്നയിച്ചത്.
എന്നാല്‍ അത്തരം പെരുമാറ്റം ഉണ്ടായില്ലെന്ന് സി.ഐ മണികണ്ഠന്‍ പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് പരാതിക്കാരുമായി സംസാരിക്കണം. ആരോപണം ഉന്നയിച്ച യുവതിയോ ഭര്‍ത്താവോ തൃശൂരില്‍ തിരിച്ചത്തെിയ ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുക്കുക. അതേസമയം സംഭവത്തിൽ ആരോപണ വിധേയനായ സി.പി.എം കൗൺസിലർക്കെതിരെ പാർട്ടി നടപടിയെടുത്തേക്കും. വിഷയം ചർച്ചചെയ്യാൻ പാർട്ടി ഏരിയാക്കമ്മിറ്റിയോഗം വിളിച്ചിട്ടുണ്ട്. ജയന്തന്റെ രാജി യോഗത്തിൽ ആവശ്യപ്പെടാനും സാധ്യതയുണ്ട്.