തിരുവനന്തപുരം : വടക്കാഞ്ചേരിയിൽ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ നഗ്നചിത്രം സിപിഎം കൗൺസിലർ ജയന്തൻ പ്രചരിപ്പിച്ചെന്ന് വടക്കാഞ്ചേരി എം എൽ എ അനിൽ അക്കര. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കവേയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ എം എൽ എ വെളിപ്പെടുത്തിയത്.
യുവതിയുടെ അഭിഭാഷക പറഞ്ഞതനുസരിച്ച് മുൻപ് മാദ്ധ്യമ പ്രവർത്തകരെ വിളിച്ച് പത്രസമ്മേളനം നടത്തി ഈ വിവരം പരസ്യമാക്കാൻ താൻ ശ്രമിച്ചിരുന്നു . എന്നാൽ പത്രസമ്മേളനത്തിന്റെയന്ന് കേസെല്ലാം ഒത്തുതീർന്നെന്നുള്ള വിവരമാണ് തനിക്ക് ലഭിച്ചത് . ഇതറിഞ്ഞ യുവതി തലചുറ്റി വീണതായും അക്കര വ്യക്തമാക്കി.
പിന്നീട് ഭീഷണി കാരണം യുവതി ഗൾഫിൽ പോയെന്നും അതിനെത്തുടർന്ന് അവരുടെ നഗ്നചിത്രം ജയന്തനും സംഘവും ഫേസ്ബുക്കിലിട്ടെന്നും അക്കര വെളിപ്പെടുത്തി. അവരുടെ ഭർത്താവിന്റെ പേരിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കള്ളക്കേസും കൊടുത്തു. പിന്നീട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നെന്നും അക്കര നിയമസഭയിൽ പറഞ്ഞു.