തിരുവനന്തപുരം: ഗുണ്ടകള്‍ക്കും അക്രമികള്‍ക്കുമെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന വാക്കു പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെറും വാക്കുകളായി മാറിയിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരേ ഒരു നടപടിയും എടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല നിയമസഭയിലെ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഗൗരവകരമായ സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. എല്ലാ തരത്തിലുളള ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെയും പീഡനം നടത്തുന്നവരെയും സംരക്ഷിക്കുന്ന നിലപാടാണ് ഭരണകക്ഷിക്കുളളത്. ഇവര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ സംരക്ഷണത്തിന്റെ ഫലമായി കേസുകള്‍ എഴുതി തളളാനും സമ്മര്‍ദ്ദം ചെലുത്തി കേസുകള്‍ ഇല്ലാതാക്കാനും പൊലീസ് ശ്രമിക്കുകയാണ്.
കൊച്ചിയില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസില്‍ പ്രതിയായ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പേരില്‍ നടപടി എടുത്തില്ല. സക്കീര്‍ ഹുസൈന്‍ ഒളിവിലാണെന്നാണ് പറയുന്നത്. പൊലീസ് കണ്ടെത്തുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വടക്കാഞ്ചേരി പീഡനക്കേസില്‍ ഗുരുവായൂര്‍ എസിപി അന്വേഷിച്ചാല്‍ എന്ത് സംഭവിക്കാനാണെന്നും ഇത്ര ലാഘവബുദ്ധിയോടെ കേസിനെ സമീപിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല. പീഡനത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ എന്ത് നടപടിയെടുത്തുവെന്ന് തനിക്ക് അറിയില്ലെന്നാണ് നിയമസഭയില്‍ മന്ത്രി പറഞ്ഞതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ ഒത്താശ ചെയ്യുന്ന സംഭവം നിയമസഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു ഗുണ്ടകള്‍ക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്.