തൃശൂര്‍: വടക്കാഞ്ചേരിയില്‍ സുഹൃത്തിന്റെ ഭാര്യയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരേ പാര്‍ട്ടി തലത്തില്‍ നടപടിക്ക് സിപിഎം ഏരിയാ കമ്മറ്റി ശുപാര്‍ശ ചെയ്തു. ജയന്തനെ പുറത്താക്കാനാണ് ശുപാര്‍ശ. ഏരിയാ കമ്മറ്റി ശുപാര്‍ശ ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.
ജയന്തന്‍ ഉള്‍പ്പെട്ട കേസ് വലിയ വിവാദമാകുകയും പാര്‍ട്ടിക്ക് മൊത്തത്തില്‍ നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി വേണമെന്ന് ഏരിയാ കമ്മറ്റി ശുപാര്‍ശ ചെയ്തത്. നേരത്തെ തന്നെ വിഷയം പാര്‍ട്ടിയുടെ പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നുവെങ്കിലും ഇയാള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച ഇരട്ടത്താപ്പും ചര്‍ച്ചയായിരുന്നു.
ആരോപണം ഉയര്‍ന്ന ശേഷമാണ് വീണ്ടും ജയന്തനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. യുവതിയുടേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രം നടപടി എടുത്താല്‍ മതിയെന്നുമായിരുന്നു നേരത്തെ പാര്‍ട്ടി സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.